English

ശങ്കരമംഗലത്തേയും സമീപപ്രദേശങ്ങളിലേയും ബീച്ചുകൾക്ക് ഒരു ചരിത്രമുണ്ട്. ഈ അമൂല്യ ബീച്ചുകളുടെ ചരിത്രം കെഎംഎംഎലിന്റെ ചരിത്രവുമായി ഇഴപിരിക്കാനാകാത്തവിധം കെട്ടുപിണഞ്ഞുകിടക്കുകയാണ്.

ജർമൻ ശാസ്ത്രജ്ഞനായ ഡോ. ഷോംബർഗ് ആണ് ഈ ബീച്ചുകളുടെ അമൂല്യത കണ്ടെത്തിയത്. ശങ്കരമംഗലത്തുനിന്നു ഇറക്കുമതി ചെയ്തു കയറുകളിലുണ്ടായിരുന്ന മണൽത്തരികൾ ഡോ. ഷോംബർഗിന്റെ ശ്രദ്ധയിൽപ്പെട്ടു. അതിന്റെ അന്വേഷണം അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത് മണൽത്തരികളിലെ മോണസൈറ്റിന്റെ സാന്നിധ്യത്തിലാണ്. അപൂർവധാതുക്കൾക്കൊണ്ടു സമ്പന്നമായ ഈ ബീച്ചുകൾ അതോടെ ശാസ്ത്രത്തിന്റെ ആകർഷക കേന്ദ്രമായി മാറി.

1932-ഓടെ എഫ്. എക്‌സ്. പെരേര ആൻഡ് സൺസ് ( ട്രാവൻകൂർ ) പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ക്രാന്തദർശിയായ ഒരു സ്വകാര്യ സംരംഭകൻ ഇവിടയൊരു കമ്പനി സ്ഥാപിച്ചു. കെഎംഎംഎലിന്റെ പൂർവഗാമി. കാലം നീങ്ങിയതോടെ കെഎംഎംഎലിന്റെ ഉടമസ്ഥ പല കൈകളിലൂടെ കടന്നുപോയി. 1956-ൽ സംസ്ഥാന സർക്കാർ കെഎംഎംഎൽ ഏറ്റെടുക്കുകയും ഇൻഡസ്ട്രീസ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലാക്കുകയും ചെയ്തു. തുടർന്ന് 1972-ൽ ഈ കമ്പനിയെ ലിമിറ്റഡ് കമ്പനിയാക്കി പരിവർത്തനം ചെയ്യുകയും 'ദി കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്' എന്നു പേരുമാറ്റുകയും ചെയ്തു. കമ്പനിയുടെ ലക്ഷ്യങ്ങൾ ഇതോടൊപ്പം വിശാലമാക്കുകയും ചെയ്തു.

മുഖ്യ ലക്ഷ്യങ്ങൾ:

  • കൊല്ലം, ആലപ്പുഴ ജില്ലകളിലെ കടൽത്തീരത്തു ധാതുസമ്പത്ത് പരമാവധി ഉപയോഗപ്പെടുത്തുക.

  • സംസ്ഥാനത്ത് വൻതോതിൽ തൊഴിൽ സൃഷ്ടിക്കുക.

  • സംസ്ഥാനത്തിന്റെ, പ്രത്യേകിച്ച് ഈ പ്രദേശത്തിന്റെ, വളർച്ചയും വികസനവും ത്വരിതപ്പെടുത്തുക.

1979-ൽ ക്ലോറൈഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്മെന്റ് പ്ലാന്റിന്റെ നിർമാണം തുടങ്ങി. 1984-ൽ ഇതു കമ്മീഷൻ ചെയ്തു. ഇതോടെ ലോകത്തിലെ ഏക സംയോജിത ടൈറ്റാനിയം ഡയോക്‌സൈഡ് പ്ലാന്റ് പ്രവർത്തനം തുടങ്ങി.

രണ്ടായിരത്തിലധികം ജീവനക്കാരുള്ള കെഎംഎംഎൽ ഇന്ന് നിരവധി ഉത്പന്നങ്ങളുള്ള കമ്പനിയായി മാറിയിരിക്കുന്നുവെന്നു മാത്രമല്ല, ആഭ്യന്തര, രാജ്യാന്തര ജീവിതത്തിൽ ഒഴിച്ചുകൂടാൻ പാടില്ലാത്ത ഭാഗവുമായി മാറിയിരിക്കുന്നു.

2006 ഡിസംബർ 27-ന് അന്നത്തെ കേരള സംസ്ഥാന മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റിനു തറക്കല്ലിട്ടു. ചടങ്ങിൽ അന്നത്തെ വ്യവസായ മന്ത്രി ഇളമരം കരീം ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്നു. 2011 ഫെബ്രുവരി 27-ന് അന്നത്ത കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണി കെഎംഎംഎലിൽ രാജ്യത്തെ ആദ്യത്തെ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ് ഉദ്ഘാടനം ചെയ്തു.

ഇതോടെ ടൈറ്റാനിയം സ്‌പോഞ്ച് നിർമിക്കാൻ സാങ്കേതിക വിദ്യയുള്ള ലോകത്തെ ഏഴാമത്തെ രാജ്യമായി ഇന്ത്യ മാറി. ടൈറ്റാനിയം ലോഹം നിർമിക്കുന്നതിനുള്ള അസംസ്‌കൃതവസ്തുവാണ് ടൈറ്റാനിയം സ്‌പോഞ്ച്. നമ്മുടെ അഭിമാനമായ ബഹിരാകാശ ദൗത്യത്തിന് ഉൾപ്പെടെ രാജ്യത്തിന് ആവശ്യമുള്ള ടൈറ്റാനിയം നൽകുന്ന 'സ്ട്രാറ്റജിക് സപ്‌ളയർ' ആയി കമ്പനി ഉയർന്നു.

2011 സെപ്റ്റംബർ ആറിന് കമ്പനിയിൽനിന്നും ആദ്യത്തെ ബാച്ച് ടൈറ്റാനിയം സ്‌പോഞ്ച് ബാച്ച് നിർമിച്ചു പുറത്തിറക്കി. ഉത്പാദനം ഇപ്പോൾ പൂർണതോതിൽ മുന്നേറുകയാണ്.

Varnam

ഞങ്ങളുടെ ഓർഗനൈസേഷനിലെയും വ്യവസായത്തിലെയും ഏറ്റവും പുതിയ വാർത്തകൾ, സംഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതിന്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡിന്റെ (കെ‌എം‌എം‌എൽ) പ്രതിമാസ വാർത്താക്കുറിപ്പാണ് വർ‌ണം. നിങ്ങളുടെ വർണത്തിന്റെ പകർപ്പ് സ്വീകരിക്കുന്നതിന് സബ്സ്ക്രൈബ് ചെയ്യുക.